Saturday, March 13, 2021

കാത്തിരിക്കുന്നത്



പ്രണയം 

അതിന്റെ ക്രൂരമായ കലപ്പ കൊണ്ട്

ഉഴുതു മറിച്ച മണ്ണാണു നീ.


ഇന്നലത്തെ മഴയ്ക്ക് നിന്നോട് ചിലത് ചോദിക്കാനുണ്ട് .


നനഞ്ഞ കരിയിലകൾക്കടിയിൽ

മണ്ണിൽ മണ്ണായുറങ്ങുന്ന

ഒരാളോളം മഴയനുഭവിക്കാൻ ആർക്കെങ്കിലുമാവുമോ ?


നനവായോ

ചെളിയായോ

രൂപാന്തര പ്രാപ്തി വന്ന അയാളുടെ ചിന്തകൾക്ക് ഉയരുന്ന

ഈയലുകളുമായി ബന്ധമുണ്ടോ?

വീണ്ടും കരിയിലകൾ പോലെ

ചിറകുകൾ പൊഴിക്കുന്ന ഈയലുകളുമായി  ?


(ഇശലും

ഗസലും ഘയാലും

ഘോശാലും പോലെ

സംഗീതമുള്ള ഒരു മഴവാക്കത്രേ

'ഈയൽ' )


മഴ നനയുകയും കരുതുകയും പൊഴിക്കുകയും

ചെയ്യുന്ന നീർമാവുകളുടെ

വേരുകൾക്ക് ഉടലുകളുകളലിഞ്ഞുറഞ്ഞിടം

തിരിച്ചറിയാനാവുമോ ?


പുസ്തകം തുന്നുന്ന നൂലായി

അടരുകൾ കോർത്തു നീങ്ങുന്ന

മണ്ണിരയ്ക്ക് ,

ഹൃദയമിരുന്നിടം

ചൂഴ്ന്നു പോകവെ,

നിലയ്ക്കാത്ത

സ്പന്ദങ്ങൾ പിടിച്ചെടുക്കാനാവുമോ ?


മണ്ണായവരല്ലേ,

ശരിക്കും

വേരിനെ

മഴയെ

വിരകളെ

തേടുന്നത് ?

ആരെയോ കാത്തിരിക്കുന്നത് ?

ഇഴുകാൻ കൊതിച്ച്,

കലപ്പയെ വിളിക്കുന്നത് ?

മഴയെ വരുത്തുന്നത്?


*  *


[കവിത: രാ.പ്രസാദ്/ മാർച്ച്-11/2021]

0 comments:

Post a Comment